Welcome to the blog of Santhosh Pala

കവിതകള്‍-സന്തോഷ് പാലാ

Tuesday, January 30, 2007

പേടിയ്ക്കരുത്

പേടിയ്ക്കരുത്,
നീ
വിലാസമില്ലാത്തവനോ,
വേറിട്ടു ചിന്തിയ്ക്കുന്നവനോ,
വെറുതെ നടക്കുന്നവനോ,
വിപ്ലവം പറയുന്നവനോ,
വര്‍ത്തമാനത്തിനു നേര്‍ ബന്ധമില്ലാത്തവനോ,
ആരുമാകട്ടെ,
പൊതുജനം
പുതുതായൊരു
പേരും തിരയില്ലന്നറിയുക-
പേടിയ്ക്കരുത്
നീ നീയായി ജീവിച്ചു മരിയ്ക്കുക

മക്കള്‍

ഒരണക്കെട്ടില്‍
വെള്ളം നിര്‍ത്തി
അതില്‍ നിന്നും
വൈദ്യുതി ഉണ്ടാക്കുന്നത്
പോലെയാണ്
ഇന്ത്യാക്കാര്‍
മക്കളെ വളര്‍ത്തി
വലുതാക്കുന്നത്

അമേരിക്കക്കാരാകട്ടെ,
അണക്കെട്ടിന്‍റെ
ഷട്ടര്‍ തുറന്നു വിട്ട്
തരിശു നിലം
വിളനിലമാക്കുന്നതുപോലയും.

ഞാന്‍

ഞാന്‍

ഒത്തിരി
തമാശക്കാരുള്ള
ഒരു കുടുംബത്തിലായിരുന്നു
ജനിച്ചതും വളര്‍ന്നതും
അതുകൊണ്ട് തന്നെ
വളരെ ഗൌരവക്കാരനായി,
നാട്ടുകാര്‍ക്കിടയില്‍
ഒരു തമാശക്കാരനും.