Welcome to the blog of Santhosh Pala

കവിതകള്‍-സന്തോഷ് പാലാ

Sunday, June 8, 2008

ക്യാന്‍വാസ്

ആദ്യമാദ്യം
വലിയ ക്യാന്‍വാസില്‍ ആയിരുന്നു
എഴുതിയത്,വരച്ചത്.
അതിരുകളില്ലാത്ത
മൈതാനത്തായിരുന്നു
കളികള്‍.
വലിയ ഉച്ചത്തിലായിരുന്നു
മിണ്ടിയിരുന്നത്.

പിന്നീട്
ചതുരത്തിലൊതുങ്ങി
എഴുത്തും വരകളും.
കളിച്ചത്
കൃത്യമായ കളങ്ങളില്‍.
മിണ്ടുന്നത്
മുറിയില്‍ കേള്‍ക്കാനും.

ഇരട്ട വരയന്‍ ബുക്കില്‍ നിന്നും
വരയിടാത്തതിലേയ്ക്ക്
എഴുത്തു മാറ്റിയത്
ഇന്നലെ.
പടംവര നിര്‍ത്തിയത്
വറുതി മാസത്തിലും.
കളിക്കാരനില്‍ നിന്നും
കാണിയിലേയ്ക്കുള്ള പകര്‍ച്ച
ഒത്തിരി മുമ്പെ.
ഇപ്പോള്‍ ഞാന്‍
എന്നോട് മാത്രമേ
മിണ്ടാറുള്ളൂ.
എനിയ്ക്കു വേണ്ടി മാത്രം!

വീണ്ടും
എഴുത്തും വരയും
വലിയ ക്യാന്‍വാസിലാക്കാം
അതിരുകളില്ലാത്ത
മൈതാനത്തു കളിയ്ക്കാം
ഉച്ചത്തില്‍ മിണ്ടാം

മെഴുകിയിട്ടിരിക്കുന്നത്
ഒന്ന് കഴുകി തുടച്ചോട്ടെ...

കണ്ണാപ്പ പറഞ്ഞത്

ഉത്കണ്ഠകളുറങിയ
നേരത്താണ്
ഉണ്ണിയ്ക്ക്
ഉപ്പേരി വേണമെന്ന
വാശി
വളര്‍ന്നത്.

എരിതീയിലെ
എണ്ണപ്പാത്രത്തിലേയ്ക്കുള്ള
വിളി വരുന്നതിനുമുന്‍പേ
കൊച്ചമ്മ
എന്നെ കുളിപ്പിച്ച്
തോര്‍ത്തിയിരുന്നു.

എണ്ണപ്പാടങളും
വാഴത്തോപ്പുകളും
തകര്‍ക്കാനുള്ള
ഗൂഡതന്ത്രമോ
ശേഷിയോ
കയ്യിലില്ലാത്തതിനാലും
എന്റെ
നിസ്സഹായവസ്ഥ
മനസ്സിലായതു-
കൊണ്ടുമാകാം
ക്രിക്കറ്റിന്റെയും
സീരിയലിന്റെയും
രൂപത്തില്‍
അത്ഭുതം
അവതരിച്ചത്.

പരസ്യമല്ലാത്ത രഹസ്യം

ഒരു കാലത്ത്
കണ്ണും കരളും
നല്ല
കൂട്ടായിരുന്നു

എന്ത് കണ്ടാലും
കണ്ണ് കരളിനെ
വിവരം അറിയിയ്ക്കും,
തിരിച്ചും.

പക്ഷേ
പിന്നീടൊരിയ്ക്കല്‍
അവര്‍
കടുത്ത
ശതൃതയിലായി

ഇരുളില്‍
തട്ടിവീഴുന്നവരും
ഇരുള്‍ തേടി
അലയുന്നവരും,
കമിതാക്കളും
കാമാര്‍ത്തരും
ഒന്നാണെന്ന്
കരള്‍ പറഞ്ഞു
കണ്ണത് വിശ്വസിച്ചില്ല

കല്ലില്‍
കൊത്തിയ രൂപവും
പടത്തില്‍ പതിഞ്ഞതും,
ദൈവമാണ്,
അത് പാല്‍ കുടിയ്ക്കുമെന്ന്
ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന്
പ്രാണന്‍ കാക്കുമെന്ന്
കണ്ണ് പറഞ്ഞു
കരളത് വിശ്വസിച്ചില്ല

അവര്‍ ഉടക്കായി
മധ്യസ്ഥനായി
എത്തിയ
വായെ
അവര്‍
മൈന്‍ഡ് ചെയ്തില്ല
മാത്രമല്ല,
പൊത്തിപ്പിടിച്ച്
ഉരിയാടാതാക്കി

വായ
നൊന്തു ശപിച്ചു,
രണ്ടാള്‍ക്കും
മേലില്‍
ബലാബലം നോക്കാന്‍
ഇടവരാതിരിയ്ക്കട്ടെ!

അങനെയാണ്
കരളലിയുന്ന കാഴ്ചകള്‍
മിന്നി വരുമ്പോള്‍
ഒരാള്‍
കണ്ണടയ്ക്കുന്നതും

അതുപോലെ
ഒരാള്‍ കണ്ണടച്ചാല്‍
എല്ലാവരുടെയും
കരളലിയാന്‍ തുടങുന്നതും!

അടിക്കുറിപ്പ്:

രഹസ്യം
ഇന്റര്‍നെറ്റില്‍
ലഭ്യമല്ല

വെളിച്ചം തേടി (ലിങ്കന്റെ നാട്ടില്‍ നിന്നും ഒപ്പിയെടുത്തത്‌)

രണ്ടുപേര്‍ക്കുള്ള
ഇരിപ്പിടത്തില്‍
കാലിന്‍ ‍മേല്‍
കാല്‍ കേറ്റി വച്ച്
ഗമയിലാണിരിപ്പ്!
ഒരു സര്‍വ്വാധികാരിയുടെ
സര്‍വ്വ ഡംഭോടും കൂടി.

ഒഴിവ് ദിനങ്ങളുടെ
ആലസ്യത്തില്‍
നിന്നുണരാത്ത
ഒരു കൂട്ടം
ആള്‍ക്കാര്‍
അകലം പാലിച്ച്
അങോട്ട്
നോക്കുന്നുണ്ടായിരുന്നു,
ഞാനും.

ഓപ്പാംകോട്ടുകള്‍
ഉരിഞ്ഞുതുടങ്ങി
ഒന്നല്ല,
ഒമ്പതെണ്ണം!

ആനവണ്ണം
ആടുവണ്ണമായി
കുറഞ്ഞു .

വിയര്‍ത്ത
വര്‍ഷങള്‍
വികൃതമാക്കിയ
തൊലിപ്പുറത്ത്
പരിദേവനത്തിന്റെ
പച്ചകുത്തലുകള്‍.

വിരല്‍ത്തലപ്പുകള്‍ക്ക്
ഒരു മണ്ണുമാന്തിയുടെ
മൂര്‍ച്ച.

കൊഞ്ഞനം
കുത്തുന്ന
കോട്ടുവായകള്‍ക്കു
ശരവേഗക്കുതിപ്പ്.

നിന്‍റെ അന്ത്യമടുത്തെന്ന്
ഒരു സിഗരറ്റ് കുറ്റിയോടയാള്‍
പലപ്പോഴും
പിറുപിറുക്കുന്നത്
കാണാമായിരുന്നു.

ചുവന്ന്
കലങ്ങിയ
കണ്ണുകള്‍
ഇടയ്ക്കിടെ
കയ്യിലെ
കറുത്ത
കൂടുകള്‍ക്കുള്ളിലേയ്ക്ക്
ഇറങ്ങി
ഇറങ്ങിപ്പോയി,
അല്ലാത്തപ്പോള്‍
പൊളിഞ്ഞ
വായയ്ക്ക്
കൂട്ടായി
ആകാശത്തേയ്ക്കും.

കാലിയായി(പ്പോയി)രുന്ന
തീവണ്ടിബോഗിയില്‍
ബോധത്തിന്‍റെ
ചുരുളുകളഴിച്ച്
അയാള്‍
വിശ്രമിയ്ക്കുന്ന
നേരം
വിലയില്ലാ-
വേശ്യകള്‍
ഒളിഞ്ഞു നിന്നു
അടക്കം പറഞ്ഞു,
ചിരിച്ചു.


അവനീ പകലും
കഴിഞ്ഞ രാത്രിയുടെ
ബാക്കിയാണ്,
ഇരുള്‍തുരങ്കള്‍ക്കു-
ള്ളിലൂടെയുള്ള
ഒടുങ്ങാത്ത യാത്ര.

നിലയ്ക്കാതെ,
നിര്‍ത്താതെ
വണ്ടിയോടുന്ന
ഒരു വലിയ
സംസ്കൃതിയുടെ
സാക്ഷ്യപത്രമായ്.

Saturday, June 7, 2008

ടൈം മാനേജ്മെന്റ്

വട്ടത്തില്‍
കറങ്ങുന്ന
ചെറുതും
വലുതുമായ
രണ്ട്
അടയാളങ്ങളാണ്
സകലിടത്തും
സകലരേയും
വട്ടം കറക്കുന്നത്

നക്ഷത്രങ്ങളെ നോക്കുമ്പോള്‍

കുഞ്ഞായിരുന്നപ്പോള്‍
നക്ഷത്രങ്ങളെ
നോക്കിയിരുന്നത്
ആനകേറാമലയില്‍
പൂത്തിരുന്ന
കാന്താരികളെ
തേടിയാണ്

സ്കൂള്‍കുട്ടിയായിരുന്നപ്പോള്‍
നക്ഷത്രങ്ങളെ
നോക്കിയിരുന്നത്
ഭാഗ്യ നക്ഷത്രത്തോട്
ക്ലാസ്സ് പരീക്ഷ
മാറ്റി വയ്ക്കണേ
എന്ന് പ്രാര്‍ത്ഥിയ്ക്കാനാണ്

മുതിര്‍ന്നപ്പോള്‍
നക്ഷത്രങ്ങളെ
നോക്കുന്നത്‌
ചീത്ത വിളിയുടെ
റെയിഞ്ച്
അറിയാനാണ്,
പോലീസ്
ഏമാന്റെ
വായില്‍ നിന്നും.

കവിതകള്‍ വീണ്ടും പൂക്കും..താമസിയാതെ...

വിളിപ്പേരുകള്‍അമ്മാവന്റെ മകളെ
കെട്ടിയപ്പോള്‍
ഭാര്യയുടെ അമ്മ
അമ്മായിയമ്മ ആയി

ഭര്‍ത്താവിന്റെ
അനന്തിരവന്
മകളെ
കെട്ടിച്ചു
കൊടുത്തപ്പോള്‍
അവന്‍
മരുമോനും

പേരക്കുട്ടികളാകട്ടെ
അമ്മായിയമ്മ,
അമ്മായിയപ്പന്‍,
മോന്‍
തുടങ്ങിയവ
വീട്ടിലും
നാട്ടിലും
നന്നായി
പ്രയോഗിയ്ക്കാറുണ്ട്

കവലരണ്ടരയിഞ്ച്
വാവട്ടമുള്ള
ഗ്ലാസ്സിലേയ്ക്കു
ആറടി
ഉയരത്തില്‍ നിന്നും
ചായ വീഴ്ത്തുമ്പോഴും
നാറാണേട്ടന്റെ കണ്ണുകള്‍
വണ്ടിയില്‍ കേറുന്നവരേയും
ഇറങ്ങുന്നവരെയും
ആ വലിയ വളവുവരെയും
കൊണ്ടുവിടാറുണ്ട്.
ചൂടു വെള്ളം വീണു
പൊള്ളിയതില്‍ പിന്നെ
ഞാനവിടെക്കേറാറില്ല

മാനേജരുടെ കടയില്‍
രാമായണം പരമ്പരയിലെ
അട്ടഹാസം,
കുടവയറിന്റെ കൂടെ
സഞ്ചരിയ്ക്കുന്ന ഫോണ്‍,
വെള്ളം കുടിപ്പിയ്ക്കുന്ന
ബോണ്ട എന്നിവയുണ്ട്
എന്‍റിഷ്ടസാധനം
പലപ്പോഴും
അവിടെ കിട്ടാറില്ല

തങ്കച്ചന്‍റെ കടയില്‍
സോഡയും
ബുള്‍സൈയുമടിയ്ക്കുന്നവര്‍ക്കേ
സാധനം വിളമ്പാറുള്ളൂ
എന്നതിനാല്‍
നഷ്ടക്കച്ചവടമാണ്

വല്യച്ഛന്‍റെ കടയില്‍
വേറെന്തെങ്കിലും
വാങ്ങാനാണെങ്കില്‍
കേറാമായിരുന്നു

കുഞ്ഞാഞ്ഞയുടെ കടയില്‍
പോകാന്‍ പേടിയാണ്,
പഞ്ചായത്ത് കഥകള്‍
പഴംപുരാണങള്‍
പറ്റ് രസീതുകള്‍
ചിട്ടിപ്പൈസ,
പീറച്ചിരി
എല്ലാം
മൊത്തമായും
ചില്ലറയായും കിട്ടും
ഇല്ല
എന്തായാലും അങ്ങോട്ടില്ല

പീന്നീടുള്ള കട മുതലാളിമാര്‍
ഉദ്ഘാടനത്തിന്
എത്താമെന്നേക്കുന്ന
മന്ത്രിമാരെപ്പോലയാണ്

ആപത്ഘട്ടങളില്‍
തിരിഞ്ഞു നോക്കാന്‍
ആരുമില്ലെന്നറിഞ്ഞത്
വളരെ വൈകിയാണ്

പുകഞ്ഞ കൊള്ളി
പുറത്ത്,
അത്ര തന്നെ.

പുകവലി വിരുദ്ധ സമിതി
അന്ന് നാട്ടിയ കൊടിമരം
ഇഴയുന്ന
പല സുഹൃത്തുക്കള്‍ക്കും
ഇന്ന്
ഒരു സഹായമാണ്.