Welcome to the blog of Santhosh Pala

കവിതകള്‍-സന്തോഷ് പാലാ

Thursday, December 12, 2013

പ്രണയസിദ്ധാന്തം----- സന്തോഷ് പാല

പ്രണയസിദ്ധാന്തം

സന്തോഷ് പാല
mcsanthosh@yahoo.com

ആണെന്നു തോന്നുന്ന
ഒരാള്‍ക്ക്
പെണ്ണെന്നു തോന്നുന്ന
ഒരാളോട്
അല്ലെങ്കില്‍ തിരിച്ച്
ഇഷ്ടം
തോന്നുന്നു
എന്നു വിചാരിക്കുക.
പ്രണയമെന്ന്
മാത്രം
പറയരുത്,
തന്നിഷ്ടക്കാരാണവര്‍.

ആണെന്ന് തോന്നുന്ന
ഒരാള്‍ക്ക്
ഒരാണിനോട്
ഇഷ്ടം തോന്നുന്നുവെങ്കില്‍,
പെണ്ണെന്ന് തോന്നുന്ന
ഒരാള്‍ക്ക്
ഒരു പെണ്ണിനോട്
ഇഷ്ടം തോന്നുന്നുവെങ്കില്‍
പ്രകൃതിവിരുദ്ധമെന്ന്
മാത്രം
പറയരുത്,
പെരുത്തിഷ്ടക്കാരാണവര്‍.

ആണല്ലാത്ത പെണ്ണുല്ലാത്ത
രണ്ടുപേര്‍
ഇഷ്ടത്തിലായാലോ?
കയ്യടിച്ച് കയ്യടിച്ച്
കാശുമേടിക്കാന്‍
യോഗ്യരാണെന്ന്
മാത്രം
പറയരുത്,
കഷ്ടതയിലാണവര്‍.

വെറുതെ
വീട്ടിലിരുന്ന്
ടി വി കാണുകയും
ഭോഗിക്കുകയും
ചെയ്യുന്നവര്‍
ഇടയ്ക്കിടക്ക്
ലിംഗപരിണാമം(ലിംഗവിശപ്പല്ല) സംഭവിക്കുന്നുണ്ടോ
എന്ന് തിരക്കുന്നതുകൊണ്ടെന്താണ് തെറ്റ്?

അപ്പുറത്തെ വീട്ടിലെ ചേട്ടനോ
ചേച്ചിക്കോ
എന്തെങ്കിലുമൊക്കെ
തോന്നുന്നുവെങ്കില്‍,
അവര്‍
വിമ്മിട്ടത്തിലായെങ്കില്‍
നമുക്കെന്താ? കോപ്പ്, തേങ്ങാക്കൊല.

Tuesday, July 24, 2012

അടുപ്പുകല്ല് പായസത്തോട് പറഞ്ഞത്

അടുപ്പുകല്ല് പായസത്തോട് പറഞ്ഞത്

സന്തോഷ് പാലാ
mcsanthosh@yahoo.com

നേരം കുറെയായി
നിന്നെ ഞാന്‍ ചുമക്കാന്‍ തുടങ്ങീട്ട്.
ഇളക്കിയിളക്കി നില്‍ക്കുന്നവന്‍
എന്നെയുണ്ടോ കാണുന്നു?
നീ ഇക്കിളികൂടി ഇക്കിളി കൂടി
അങ്ങോട്ടുമിങ്ങോട്ടും
തിരിഞ്ഞുംമറിഞ്ഞും കളിക്കുമ്പോള്‍
ഞാന്‍ ഒന്ന് ഇരുന്നു കൊടുക്കുകയോ
ഇളകിമാറുകയോ ചെയ്താലറിയാം കഥ.

ആര്‍ത്തിപൂണ്ടു നില്‍ക്കുന്നവരുടെ
ആധികളറിയാനൊന്നും
ആരും മിനക്കടേണ്ട.

തിളച്ച് മറിഞ്ഞ്
നീ വിളമ്പാന്‍ റെഡിയാകുമ്പോള്‍
വെന്തുരുകി വെന്തുരുകി
ചാരമായിപ്പോകുന്നൊരു ഹൃദയമുണ്ടെനിക്ക്

എന്നെ വിട്ടു പോകുമ്പോള്‍,
തനിപ്പാല്‍ ചേര്‍ത്തിളക്കുമ്പോള്‍
അടുപ്പുകല്ലിനുള്ളത് എന്നു പറഞ്ഞ്
മൂന്നു തുള്ളിയെറിയുമ്പോഴുണ്ടല്ലോ
പ്രത്യേകിച്ച് എന്ത്
തോന്നാനാണ്?


ആ കുടവയറന്മാര്‍
നിന്നെ കുടിച്ചു തൂറ്റട്ടെന്ന്
പ്രാകാന്‍
പലവട്ടം ആലോചിച്ചതാണ്
ഇല്ല,
എനിക്കതിന്നാവതില്ല.

Sunday, June 3, 2012

പുതുക്കല്‍--------------------------- സന്തോഷ് പാലാ

പുതുക്കല്‍

സന്തോഷ് പാലാ

രാത്രി മോന്തിയ സ്വപ്നങ്ങള്‍
പകലിരുന്നയവിറക്കുമ്പോള്‍
രാപകല്‍ നിന്നെ രസിപ്പിക്കുമാ
മണമുണ്ടല്ലോ,
ദീര്‍ഘനിശ്വാസത്തില-
തൊന്നിടയ്ക്കിടെ
പുതുക്കി വിട്ടേക്കണം
നിശ്ചയം മറക്കാതെ.

Friday, January 20, 2012

മേഘസന്ദേശം

മേഘസന്ദേശം
    സന്തോഷ് പാലാ

ഒരു മിനുത്ത കാറ്റ്
ചൊറിഞ്ഞ് ചൊറിഞ്ഞ്
ഞങ്ങളെ
ഒരു ചെരിവിലേയ്ക്ക് കൊണ്ടുപോയി

ഞാനൊറ്റയ്ക്കും കൂട്ടുകാരോടൊത്തും പോകാറുള്ള
അതേ ചെരിവിലേക്ക്

ചിത്രപ്പണികള്‍ ചെയ്തൊരുങ്ങുന്ന
ആകാശതീരം ഞങ്ങളിഷ്ടപ്പെട്ടിരുന്നില്ല
വിരൂപവും വിശന്നലയുന്നതുമായ
കര്‍ക്കിടകപ്പകലുകളായിരുന്നു
ഞങ്ങള്‍ക്കു എറെയിഷ്ടം

ചിരിച്ചു ചിരിച്ചടുക്കുന്ന കാക്കകളുടെ ഒച്ച
ഞങ്ങളുടെ ചിന്ത ചിതറിപ്പിച്ചു
പറന്നു പറന്നകലുന്ന ചിത്രശലഭങ്ങളുടെ നിഴല്‍
ഞങ്ങളെ അലോസരപ്പെടുത്തി

പിന്‍‌വാതില്‍ തുറന്നിറങ്ങാന്‍ തുടങ്ങവെ
വീട്ടുമുറ്റത്ത് നിന്ന്
രണ്ടു മുത്തശിക്കണ്ണുകള്‍ വിലങ്ങു വെക്കാന്‍ ശ്രമിച്ചു

ഞങ്ങള്‍ കുറച്ചുകൂടി ഒട്ടി നിന്നു

പിന്നെ
പതിയെ
പതിയെ
പിള്ളേരോണമായി
പെയ്തിറങ്ങി.

അതിശയം

അതിശയം
     സന്തോഷ് പാലാ

രാവിലെ
കത്തിവെച്ച്
ഊറ്റാവുന്നതൂറ്റി
കാശുകാരനാണെന്നും
കേമനാണെന്നും പറഞ്ഞ്
കുളിച്ച് കുട്ടപ്പനായി
കൂരയില്‍ നിന്നും
കുതിച്ചു ചാടിയപ്പോള്‍
വഴിയേ കണ്ടവരെല്ലാം
റബ്ബര്‍ പന്തുപോലെ
തട്ടിക്കളിച്ചില്ലങ്കിലല്ലേ
അതിശയം?

സംഭവത്തിന്റെ പൊരുളറിയുമ്പോള്‍

സംഭവത്തിന്റെ പൊരുളറിയുമ്പോള്‍

    സന്തോഷ് പാലാ

ചിത്രത്തിന്റെ
സെറ്റില്‍ വച്ച്
സംവിധായകന്‍
സംഭവം ഹിറ്റാകുമെന്നാണ്
പറഞ്ഞത്

ഉച്ചയ്ക്ക്
ഒരു ചിത്രകാരന്‍
സംഭവത്തിലെ
അനിര്‍വചനീയമായ
സൌന്ദര്യത്തെക്കുറിച്ചാണ്
വര്‍ണ്ണിച്ചത്

ഒരു ശില്പി
സംഭവത്തിന്റെ
ആകാരസൌഷ്ഠവം
പ്രത്യേകതകളാല്‍
നിറഞ്ഞതാണെന്നാണ്
അറിയിച്ചത്

വൈകുന്നേരത്തെ
കവി സമ്മേളനത്തില്‍
മഹാകവി
സംഭവത്തിലെ
കവിത്വമാണ്
മുഖ്യവിഷയമാക്കിയത്

കച്ചേരിയ്ക്കെത്തിയ
സുന്ദരമ്മാള്‍
സംഭവത്തിലുറങ്ങുന്ന
സംഗീതാത്മകതയെക്കുറിച്ചാണ്
സംസാരിച്ചത്

കോട്ടമൈതാനത്ത്
രാജ്യസ്നേഹികളായ
രാഷ്ട്രീയ നേതാക്കള്‍
സംഭവം വളരെ പൈശാചികവും
ദു:ഖകരവുമാണെന്നാണ്
പ്രസ്താവിച്ചത്

അരാഷ്ട്രീയക്കാരായ
മതനേതാക്കള്‍
സംഭവത്തിലെ
സത്യം കണ്ടെത്തുന്നത്
വരെ ആര്‍ക്കും
വോട്ടുചെയ്യരുതെന്നാണ്
വിളംബരം ചെയ്തത്

പുത്തരിക്കണ്ടത്തെ
ചില അമ്മമാര്‍
സംഭവം
എമാന്മാര്‍ രഹസ്യമാക്കണേ
എന്ന
അപേക്ഷയാണ് വച്ചത്

ഉടുക്കാക്കുണ്ടനായി വന്ന
കൊച്ചുമകനോടെന്തേ ഇങ്ങനെ
എന്നു ചോദിച്ചപ്പോള്‍
സംഭവം സാധിച്ചിട്ടു
വരുന്നെന്നാണ് അറിയിച്ചത്

ഇനിയും സംഭവം
ഒരു പ്രശ്ന്മായി അവശേഷിച്ചാല്‍
രാവിലെയുള്ള സംഭവവും
ഉച്ചയ്ക്കുള്ള സംഭവവും
വൈകുന്നേരമുള്ള സംഭവവും 
രാത്രിയിലെ സംഭവവും കൂടി കൂട്ടുക
അതില്‍ നിന്നും
ടി വിയില്‍ കണ്ട സംഭവങ്ങളെ കുറയ്ക്കുക
ശിഷ്ടമുണ്ടെങ്കില്‍
അതൊരു സംഭവമായി രേഖപ്പെടുത്തുക
ഇല്ലെങ്കില്‍
 ‘സംഭവം മത്തായി‘
എന്ന് എല്ലാരും വിളിയ്ക്കുന്നതില്‍
തെറ്റൊന്നുമില്ലന്നറിഞ്ഞ്
രണ്ടെണ്ണം വീശി
ഉറങ്ങാന്‍ റെഡിയാവുക!.

ചിരി


ചിരി പ്രതിരോധിക്കുന്നത്
ചിരിക്കുന്നവനെയല്ല
ചിരിയെത്തന്നെയാണ്!