Welcome to the blog of Santhosh Pala

കവിതകള്‍-സന്തോഷ് പാലാ

Friday, January 20, 2012

മേഘസന്ദേശം

മേഘസന്ദേശം
    സന്തോഷ് പാലാ

ഒരു മിനുത്ത കാറ്റ്
ചൊറിഞ്ഞ് ചൊറിഞ്ഞ്
ഞങ്ങളെ
ഒരു ചെരിവിലേയ്ക്ക് കൊണ്ടുപോയി

ഞാനൊറ്റയ്ക്കും കൂട്ടുകാരോടൊത്തും പോകാറുള്ള
അതേ ചെരിവിലേക്ക്

ചിത്രപ്പണികള്‍ ചെയ്തൊരുങ്ങുന്ന
ആകാശതീരം ഞങ്ങളിഷ്ടപ്പെട്ടിരുന്നില്ല
വിരൂപവും വിശന്നലയുന്നതുമായ
കര്‍ക്കിടകപ്പകലുകളായിരുന്നു
ഞങ്ങള്‍ക്കു എറെയിഷ്ടം

ചിരിച്ചു ചിരിച്ചടുക്കുന്ന കാക്കകളുടെ ഒച്ച
ഞങ്ങളുടെ ചിന്ത ചിതറിപ്പിച്ചു
പറന്നു പറന്നകലുന്ന ചിത്രശലഭങ്ങളുടെ നിഴല്‍
ഞങ്ങളെ അലോസരപ്പെടുത്തി

പിന്‍‌വാതില്‍ തുറന്നിറങ്ങാന്‍ തുടങ്ങവെ
വീട്ടുമുറ്റത്ത് നിന്ന്
രണ്ടു മുത്തശിക്കണ്ണുകള്‍ വിലങ്ങു വെക്കാന്‍ ശ്രമിച്ചു

ഞങ്ങള്‍ കുറച്ചുകൂടി ഒട്ടി നിന്നു

പിന്നെ
പതിയെ
പതിയെ
പിള്ളേരോണമായി
പെയ്തിറങ്ങി.

അതിശയം

അതിശയം
     സന്തോഷ് പാലാ

രാവിലെ
കത്തിവെച്ച്
ഊറ്റാവുന്നതൂറ്റി
കാശുകാരനാണെന്നും
കേമനാണെന്നും പറഞ്ഞ്
കുളിച്ച് കുട്ടപ്പനായി
കൂരയില്‍ നിന്നും
കുതിച്ചു ചാടിയപ്പോള്‍
വഴിയേ കണ്ടവരെല്ലാം
റബ്ബര്‍ പന്തുപോലെ
തട്ടിക്കളിച്ചില്ലങ്കിലല്ലേ
അതിശയം?

സംഭവത്തിന്റെ പൊരുളറിയുമ്പോള്‍

സംഭവത്തിന്റെ പൊരുളറിയുമ്പോള്‍

    സന്തോഷ് പാലാ

ചിത്രത്തിന്റെ
സെറ്റില്‍ വച്ച്
സംവിധായകന്‍
സംഭവം ഹിറ്റാകുമെന്നാണ്
പറഞ്ഞത്

ഉച്ചയ്ക്ക്
ഒരു ചിത്രകാരന്‍
സംഭവത്തിലെ
അനിര്‍വചനീയമായ
സൌന്ദര്യത്തെക്കുറിച്ചാണ്
വര്‍ണ്ണിച്ചത്

ഒരു ശില്പി
സംഭവത്തിന്റെ
ആകാരസൌഷ്ഠവം
പ്രത്യേകതകളാല്‍
നിറഞ്ഞതാണെന്നാണ്
അറിയിച്ചത്

വൈകുന്നേരത്തെ
കവി സമ്മേളനത്തില്‍
മഹാകവി
സംഭവത്തിലെ
കവിത്വമാണ്
മുഖ്യവിഷയമാക്കിയത്

കച്ചേരിയ്ക്കെത്തിയ
സുന്ദരമ്മാള്‍
സംഭവത്തിലുറങ്ങുന്ന
സംഗീതാത്മകതയെക്കുറിച്ചാണ്
സംസാരിച്ചത്

കോട്ടമൈതാനത്ത്
രാജ്യസ്നേഹികളായ
രാഷ്ട്രീയ നേതാക്കള്‍
സംഭവം വളരെ പൈശാചികവും
ദു:ഖകരവുമാണെന്നാണ്
പ്രസ്താവിച്ചത്

അരാഷ്ട്രീയക്കാരായ
മതനേതാക്കള്‍
സംഭവത്തിലെ
സത്യം കണ്ടെത്തുന്നത്
വരെ ആര്‍ക്കും
വോട്ടുചെയ്യരുതെന്നാണ്
വിളംബരം ചെയ്തത്

പുത്തരിക്കണ്ടത്തെ
ചില അമ്മമാര്‍
സംഭവം
എമാന്മാര്‍ രഹസ്യമാക്കണേ
എന്ന
അപേക്ഷയാണ് വച്ചത്

ഉടുക്കാക്കുണ്ടനായി വന്ന
കൊച്ചുമകനോടെന്തേ ഇങ്ങനെ
എന്നു ചോദിച്ചപ്പോള്‍
സംഭവം സാധിച്ചിട്ടു
വരുന്നെന്നാണ് അറിയിച്ചത്

ഇനിയും സംഭവം
ഒരു പ്രശ്ന്മായി അവശേഷിച്ചാല്‍
രാവിലെയുള്ള സംഭവവും
ഉച്ചയ്ക്കുള്ള സംഭവവും
വൈകുന്നേരമുള്ള സംഭവവും 
രാത്രിയിലെ സംഭവവും കൂടി കൂട്ടുക
അതില്‍ നിന്നും
ടി വിയില്‍ കണ്ട സംഭവങ്ങളെ കുറയ്ക്കുക
ശിഷ്ടമുണ്ടെങ്കില്‍
അതൊരു സംഭവമായി രേഖപ്പെടുത്തുക
ഇല്ലെങ്കില്‍
 ‘സംഭവം മത്തായി‘
എന്ന് എല്ലാരും വിളിയ്ക്കുന്നതില്‍
തെറ്റൊന്നുമില്ലന്നറിഞ്ഞ്
രണ്ടെണ്ണം വീശി
ഉറങ്ങാന്‍ റെഡിയാവുക!.

ചിരി


ചിരി പ്രതിരോധിക്കുന്നത്
ചിരിക്കുന്നവനെയല്ല
ചിരിയെത്തന്നെയാണ്!

Please JoinWednesday, January 4, 2012

ഉഴുന്നാട വണ്ടി ഉണരുമ്പോള്‍


വഴിയിലപ്പുറത്താ-
ക്കൊടുംവളവുതിരിഞ്ഞെത്തുന്നൊരു
വലിയ സൈക്കിള്‍ച്ചക്രവണ്ടിയും
കാത്തീപ്പടിയിലെന്‍വായില്‍-
ക്കപ്പലോടിച്ചിന്നുമിരിക്കുന്നീ-
പ്പുതുവര്‍ഷപ്പുലരിയില്‍!

രാത്രിയിലതിക്കേമമായ്
രാമരം* പള്ളീപ്പെരുന്നാളാഘോഷി-
ച്ചാടിയാടിയെത്തും
തോമാച്ചേട്ടാ,
കൂട്ടുപോരുമാ-
വണ്ടിക്കുള്ളില്‍ക്കാണുമോ
ഇന്നും നാവുതേടുന്നോ-
രുഴുന്നാടവളയങ്ങള്‍?

കഴിഞ്ഞേനെത്രയോ
വര്‍ഷങ്ങളെങ്കിലു-
മൊരിക്കല്‍ക്കൂടിയീ-
പ്പകല്‍തെളിയുമ്പോള-
തിവേഗമോര്‍മ്മയ്ക്ക്
തിരികൊളുത്തിക്കൊണ്ടൊരു
*ചെമ്പിളാവ്സെറ്റാ-
കാശത്തത്ഭുതം തീര്‍ക്കുമോ?

ഉറക്കം തൂങ്ങിത്തൂങ്ങിയു-
മുറങ്ങാതുറക്കം
നടിച്ചുമെത്ര
നേരമായിട്ടീ-
യുമ്മറത്തിരിക്കുന്നു!

റോഡിലായിറക്കത്തില്‍
വലം കയ്യും പൊക്കി-
ക്കൈലിമുണ്ടും
കക്ഷത്തിലേറ്റി
കതിനാവെടി
പൊട്ടിക്കാനെത്തുമോ
ഇന്നുമാപ്പഴയവണ്ടിക്കാരനു-
മവന്റെ വണ്ടിയും?


രാമരം- കോട്ടയം ജില്ലയിലെ രാമപുരം
ചെമ്പിളാവ് സെറ്റ്- ഒരു വെടിക്കെട്ട് സംഘം

സന്തോഷ് പാലാ
mcsanthosh@yahoo.com