Welcome to the blog of Santhosh Pala

കവിതകള്‍-സന്തോഷ് പാലാ

Friday, December 30, 2011

പകര്‍ച്ച

പകര്‍ച്ച

എത്രയെത്ര
ശിശിരങ്ങളെ
അതിജീവിച്ചിരിക്കും
മരക്കമ്പുകളുടെ മണം?

എത്രയെത്ര
വേനലുകളെ
അതിജീവിച്ചിരിക്കും
മരക്കമ്പുകളുടെ പച്ച?

നിസ്സഹായതയുടെ
കളത്തില്‍
പ്രതിരോധത്തിന്റെ
സഹനം
പ്രത്യക്ഷമായ
ഒരു വിനോദമായി
നിങ്ങള്‍ക്കും
അനുഭവപ്പെട്ടേക്കാം.

മരം
മഞ്ഞിനോട് ചെയ്യുന്നത്
മഞ്ഞ്
മരത്തിനോട് ചെയ്യുന്നത്,
ആകാശത്തെ ചുമക്കുന്നത്
തുടങ്ങി എന്തൊക്കെവേണമെങ്കിലും
എഴുതി തുലയ്ക്കാം.

വേനലിലുണങ്ങി
വര്‍ഷത്തില്‍ നനഞ്ഞ്
വസന്തത്തില്‍ പൂത്ത്
വീണ്ടുമുണങ്ങി-
പ്പൊഴിയുമ്പോഴേക്കും...

മരം മഞ്ഞിനോട്
ചെയ്യുന്നതുപോലെ,
മഞ്ഞ് മരത്തിനോട്
ചെയ്യുന്നതുപോലെ-
യെന്നൊക്കെപ്പറയുവാനാകുമോ?

മണ്ണ് മനുഷ്യനോട്...
മനുഷ്യന്‍ മണ്ണിനോട് ...??

ഒരു മരം ചുറ്റി പ്രേമം


കലാകൌമുദിയില്‍ വന്ന പുതിയ കവിത


Wednesday, December 28, 2011

ടെക്നോളജി ട്രാന്‍സ്ഫര്‍




കുന്തിച്ചിരുന്ന്
മൂത്രിയ്ക്കുന്നൊരുത്തന്‍
‘ആ പണ്ടാരക്കാലന്‍
ഒന്നും പറഞ്ഞില്ലടാ ഉവ്വേ‘,


ഉടുമ്പിന്റെ ഉടലും
ഒട്ടകത്തിന്റെ കഴുത്തും
ഉപ്പന്റെ കണ്ണും
ഓന്തിന്റെ സ്വഭാവവുമുള്ള
അയമോദക
വായുഗുളികവില്‍പ്പനക്കാരന്‍
“ഞാന്‍ സുന്ദരനല്ലേ
എന്ന്”

“അവന്റെ
അമ്മെക്കെട്ടിയ്ക്കാന്‍“
ഒന്നു
വഴിമാറി നില്‍ക്കടാന്നൊരു കിളവന്‍

‘അപ്പച്ചനുമമ്മച്ചിയുമറിഞ്ഞാല്‍
കൊന്നേനേ’
അനുരാഗമിഴിയില്‍
പരിഭവമെഴുതി
ചോദ്യചിഹ്ന്നം
പോലൊരുത്തി
നടുറോഡില്‍
ബാലെ കളിച്ച്

ഷേണായീസിലെ
പടം മാറിയോന്ന്
പറയുന്നതിന്
മുന്‍പെ
ബ്ലൂറ്റൂത്തില്‍ നിന്നും
റെഡ്റ്റൂത്തിലേയ്ക്കുള്ള അകലം
മനസ്സിലായിരുന്നു

എംജി റോഡില്‍ നിന്നും
ബാനര്‍ജി റോഡിലേയ്ക്കു
തിരിയുന്ന കവലയില്‍ വച്ച്.

മണത്തറിയുന്നത്



മരം മരിക്കുന്നിടത്ത്
മനുഷ്യന്‍ ജീവിച്ചിരിപ്പുണ്ടെന്ന്
മണ്ണ് മണത്തറിയുന്നു

കോക്ക്ടെയില്‍



പരിഭ്രമം-10 മി.ലി
ഭയം-20 മി.ലി
സംശയം-30 മി.ലി
നൊമ്പരം-60 മി.ലി
കൂട്ടിക്കലര്‍ത്തിയുണ്ടാക്കിയ
സന്തോഷം-120 മി.ലി
ഒറ്റവലിക്കകത്താക്കി
ജീവിതം ബ്രാന്‍ഡിന്റെ
ഹാങ്ങോവര്‍ തീര്‍ത്തു.

വര


മരിച്ചു പോകുന്ന ഒരോ ഇലയും
തിരിച്ചു പോകുന്ന ഒരോ ജീവനെ വരയ്ക്കുന്നു
മറന്നു പോകുന്ന ഓരോ വഴിയും
തിരിഞ്ഞു നോക്കാത്ത ഒരു ശബ്ദത്തെ വരയ്ക്കുന്നു

കവിതാസമാഹാരം- കമ്മ്യൂണിസ്റ്റ് പച്ച

അക്ഷരജാലകത്തില്‍ വന്നത്


കവിതയുടെ വഴി


നിദ്രഭേദിച്ചെത്തുന്ന
നിഴല്‍രൂപങ്ങള്‍
ഒരു നിരാലംബന്റെ
കണ്ണ് പൊത്തിക്കുന്നു
വ്യഥിത സങ്കല്‍പ്പങ്ങളി-
ലിഴകള്‍ പാകുന്നു

മുട്ടി നില്‍ക്കുന്ന
വലിയ എടുപ്പുകളുടെ
ഏകാന്തതയില്‍
എണ്ണിത്തീരാത്ത നക്ഷത്രങ്ങള്‍
എഴുന്നേറ്റിരുന്ന് ഉറക്കം
കെടുത്തുന്നു

ഉത്തരം കിട്ടാത്ത സമസ്യകള്‍
ഉത്തരം തേടി
ഉത്‌കണ്ഠകളുടെ പെരുമഴയില്‍
വിരല്‍ചുറ്റായി
പരിണമിക്കുന്നു,
തിളച്ചടുക്കുന്നു.

ചുവപ്പുമഷിയിലെന്‍
കവിതപടരുകയാണ്
കറുത്തപുഷ്പത്തലപ്പിലൊ-
രഗ്നിഗോളമായ്...

(കവിതാസമാഹാരം കമ്മൂണിസ്റ്റ് പച്ച)

കാര്യവട്ടത്തെ കാറ്റാടിമരങ്ങള്‍



ടെലിവിഷനില്‍
പാതിരാപ്പടം
ഉറക്കമൊഴിച്ച് കണ്ടത്
ഉര്‍വ്വശി അവാര്‍ഡ് നേടിയ
തമ്പുരാട്ടിമാരുടെ
അഭിനയം
വിലയിരുത്താനല്ല

കിടക്കവിരിക്കിടയില്‍
ഭദ്രമായി
ഒളിപ്പിച്ചിരുന്ന
കൊച്ചുപുസ്തകം
രാജീവന്‍
കൊണ്ടുപോയത്
പിറ്റേന്നത്തെ
പരീക്ഷയ്ക്ക്
പഠിച്ച്
ജയിക്കാനല്ല

ക്രിസ്സ്മസ്സ് കരോളിനിറങ്ങി
ലേഡീസ്സ് ഹോസ്റ്റലില്‍
താളമടിച്ചു നിന്നത്
ശാലിനിയും മാലിനിയും
ഉറങ്ങുന്ന
നേരമറിയാനല്ല.

മാര്‍ക്സ്സും നെരൂദയും
ലെനിനും ടോള്‍സ്റ്റോയിയും
ഇഎംസ്സും ഗാന്ധിയും
ഒരുമിച്ചുറങ്ങിയവര്‍
അല്ലെന്ന്
മാടനോ ചാത്തനോ
സമ്മതിക്കില്ല

പുലരികള്‍
പുലഭ്യം പുലമ്പുന്ന
കുളിക്കടവുകളും
പകലുകള്‍
പറ്റുപടി പറയുന്ന
പെട്ടികടകളും
പറോട്ടകള്‍
പിറുപിറുത്ത് പ്രാകുന്ന
മേശപ്പുറങ്ങളും
ചീട്ടുകള്‍ ചിന്തിച്ചു കൊന്ന
ബീഡിക്കുറ്റികളും
കണ്ടിട്ടില്ലെന്നോ
മറന്നുപോയന്നോ
പറയാനുള്ള
ധൈര്യം
ഒരുത്തനുമില്ല

ഹണിബ്ബീയുടെ വാളും
ഓള്‍ഡ് കാസ്ക്ക് വാളുമായി
കൂട്ടുകാര്‍ പടവെട്ടിയപ്പോള്‍
ഒതുക്കത്തില്‍
സാമ്രാജ്യം
ഒറ്റയ്ക്ക്
കീഴ്പ്പെടുത്തിയതിന്
മൂന്നുമിനിട്ടേ
ആയുസ്സുണ്ടായിരുന്നുള്ളൂ
എന്നത് തെറ്റാണെന്ന്
പറയുന്നില്ല

മറന്നുപോയ
മാട്ടകള്ളിന്റെ രുചി
മണം പിടിച്ചിന്നെന്റെ
മനം മയക്കിയതിനും
മുറിഞ്ഞു പോയ
മധുര കാലത്തിന്റെ ഗതി
മിഴി വിടര്‍ത്തിയിന്നെന്റെ
മുന്നില്‍ വന്നതിനും
കാരണം
കല്യാണം
ക്ഷണിക്കാനെത്തിയ
എന്റെ
പഴയ
ഹോസ്റ്റല്‍ കൂടപ്പിറപ്പ്
പത്രോസാണ്.

(കവിതാസമാഹാരം- കമ്മൂണിസ്റ്റ് പച്ച)

ഉച്ചവെയില്‍


ചുട്ടരച്ച ചമ്മന്തിയാണെപ്പം
നോക്കിയാലുമീ
കൊച്ചു ചോറ്റുപാത്രത്തെ
മണക്കുന്നതെന്നെത്തി നോക്കി-
പ്പറയുന്നു പകലുകള്‍
തൊട്ടുതൊട്ടൊപ്പമിരുന്നു-
പ്പിലിട്ടത് കട്ടുനക്കുമ്പോള്‍
വട്ടമിട്ടു പറക്കുന്ന
കൊച്ചുവര്‍ത്തമാനത്തി-
ലെത്ര ലോകമിരമ്പിയാര്‍ക്കുന്നു!

സത്യമെന്റെ പത്ത് ബിയില്‍
കുട്ടിമോനിട്ടറിനെ
ഉപ്പ് നൂലില്‍കെട്ടി
നക്കിയുണര്‍ത്തുമ്പോള്‍
തൊട്ടുനില്‍ക്കുന്നു ടീച്ചര്‍
ഉത്തരക്കടലാസെന്നെ
ഉത്തരം മുട്ടിച്ചകത്തുന്നു
ഉച്ചവെയിലന്നും ഉദാസീനനായി
ഉത്തരം തേടിയകലുന്നു.

(കവിതാസമാഹാരം കമ്മൂണിസ്റ്റ് പച്ച)

പാഠം നാല് - ചെമ്പരത്തിപ്പൂവ് ചില്ലറക്കാരനല്ല



ചെമ്പരത്തിപ്പൂവിന്റെ
പരിച്ഛേദം വരക്കാന്‍
പത്തു പ്രാവശ്യം
ഇമ്പോസിഷന്‍
കിട്ടിയാലെന്താ
പഠിച്ചല്ലോ!

പരാഗങ്ങള്‍
വായുവില്‍ക്കൂടി
പകരുമെന്ന്
വിശ്വസിച്ചിരുന്നതു
കൊണ്ടാണോന്നറിയില്ല
പെമ്പിള്ളേരോട്
വര്‍ത്താനം പറയുന്നത്
കണ്ടാല്‍
ചൂരല്‍ പുറകിലൊളിപ്പിച്ച്
മത്തായി സാര്‍
പറന്നെത്തിയിരുന്നത്.

നായ്ക്കരുണപ്പൊടി
നാലു ബഞ്ചില്‍ വീശിയാലെന്താ
നാലു ബക്കറ്റ് വെള്ളം കോരിയാലെന്താ
നാലു ദിവസം പുറത്തു നിന്നാലെന്താ
ചൂണ്ടിയില്ലേ മാഷേ
ചൂണ്ടുവിരലില്‍
തൂങ്ങിവന്നിരുന്നോളെ!

ചെവിപ്പുറകിലന്നു കേറിയ
ചെമ്പരത്തിപ്പൂവുമായി
സാറിന്ന്
ജീവശാസ്ത്രം തോമ്മാസാറെടുത്തോ
കണക്ക് ഞാന്‍ പഠിപ്പിക്കാം
ചരിത്രം ഞാന്‍ പഠിപ്പിക്കാം
എന്നും പറഞ്ഞ്
തെക്കോട്ടും വടക്കോട്ടും
നടപ്പാണ്

കണ്ടും കേട്ടും നിന്ന
ഒന്നാം മണി
കുടുകുടാച്ചിരിക്കുന്നു!
രണ്ടാം മണി
വെറുതെ ചിരിക്കുന്നു!
നാലുമണിക്ക്
കുലുങ്ങിക്കുലുങ്ങി-
ച്ചിരിക്കാനൊരുങ്ങുന്നു
വീട്ടിലേക്കുള്ള
വഴി കാണിച്ച്
വേറൊരെണ്ണം

സ്കൂള്‍ മുറ്റത്ത്
രണ്ടു ചെമ്പരത്തിപ്പൂവുകള്‍
കെട്ടിപ്പിടിച്ച്
പൊട്ടിച്ചിരിക്കാന്‍
തുടങ്ങിയിട്ട്
നേരം കുറെയായി!

ചങ്കെടുത്ത് കാട്ടിയാലും
ചിലപ്പോഴങ്ങനെയാണ്

മനസ്സിരുത്തി പഠിക്കുന്നത്
ഒരു കാലത്തും മറക്കില്ലെന്ന്
സാറു തന്നെയല്ലേ
പറഞ്ഞു തന്നിട്ടുള്ളത്?!

ഓണമേഘം



ഒരു മിനുത്ത കാറ്റ്
ചൊറിഞ്ഞ് ചൊറിഞ്ഞ്
ഞങ്ങളെ
ഒരു ചെരിവിലേയ്ക്ക് കൊണ്ടുപോയി

ഞാനൊറ്റയ്ക്കും കൂട്ടുകാരോടൊത്തും പോകാറുള്ള
അതേ ചെരിവിലേക്ക്

ചിത്രപ്പണികള്‍ ചെയ്തൊരുങ്ങുന്ന
ആകാശതീരം ഞങ്ങളിഷ്ടപ്പെട്ടിരുന്നില്ല
വിരൂപവും വിശന്നലയുന്നതുമായ
കര്‍ക്കിടകപ്പകലുകളായിരുന്നു
ഞങ്ങള്‍ക്കേറെയിഷ്ടം

ചിരിച്ചു ചിരിച്ചടുക്കുന്ന കാക്കകളുടെ ഒച്ച
ഞങ്ങളുടെ ചിന്ത ചിതറിപ്പിച്ചു
പറന്നു പറന്നകലുന്ന ചിത്രശലഭങ്ങളുടെ നിഴല്‍
ഞങ്ങളെ അലോസരപ്പെടുത്തി

പിന്‍‌വാതില്‍ തുറന്നിറങ്ങാന്‍ തുടങ്ങവെ
താഴെ വീട്ടുമുറ്റത്ത് നിന്ന്
രണ്ടു മുത്തശിക്കണ്ണുകള്‍ വിലങ്ങു വെക്കാന്‍ ശ്രമിച്ചു
കുറച്ചു കുട്ടികള്‍ തെറ്റാലിയിലുന്നം പിടിച്ചു പേടിപ്പിച്ചു

ഞങ്ങള്‍ കുറച്ചുകൂടി ഒട്ടി നിന്നു
ഉമ്മവെച്ചുമ്മവെച്ചു കൊതിപ്പിച്ചു

പിന്നെ
പതിയെ
പതിയെ
പിള്ളേരോണമായി
പെയ്തിറങ്ങി.


(കവിതാസമാഹാരം കമ്മൂണിസ്റ്റ് പച്ച)

പ്രളയം



ചിരിച്ചു പെയ്യുന്നു വാനം
മദിച്ചു മറിയുന്നു മണ്ണും.
തരിച്ചു നില്‍ക്കുന്നു ലോകം
തുറിച്ചു നോക്കുന്നു ഞാനും

ഒരു മരം ചുറ്റി പ്രേമം (കമ്മ്യൂണിസ്റ്റ് പച്ച എന്ന സമാഹാരത്തില്‍ നിന്നും)



ശബ്ദമെങ്ങനെ
ഒരിടം
നിശബ്ദമാക്കുമെന്ന്
ഒരു കൊമ്പന്‍ മീശ.

നിശബ്ദമെങ്ങനെ
ശബ്ദത്തേക്കാള്‍
വലുതാകുമെന്ന്
ഒരു അടുപ്പിന്‍ കലം.

ശബ്ദത്തിനും
നിശബ്ദത്തിനുമിടയ്ക്ക്-
നിഴല്‍പ്പാലം തീര്‍ത്ത്
ഒരു മഷിക്കുപ്പി.

മുന്‍‌വഴിയി-
ലൊരേടെത്തുമൊരു
കാല്‍പ്പാടും കാണാത്തതിനാല്‍
കടപ്പാടുകളെല്ലാമൊരു
ചുമടുതാങ്ങിയിലുപേക്ഷിച്ച്
അയാള്‍
മരത്തെ തന്നെ
പ്രണയിക്കാന്‍
തീരുമാനിച്ചു!

കമ്മ്യൂണിസ്റ്റ് പച്ച- കലാകൌമുദിയില്‍ വന്നത്


ആത്മായനങ്ങളുടെ ഖസാക്ക് പുരസ്ക്കാരം-2010- വാര്‍ത്ത






പുസ്തക പ്രകാശനം- ഡി സി ബുക്സ് ഹാള്‍ മരട്,എറണാകുളം-ഏപ്രില്‍-2011

പരിദേവനത്തിന്റെ പച്ചകുത്തലുകള്‍- കവിതാസമാഹാരത്തിന്റെ അവതാരിക- ദേശമംഗലം രാമകൃഷ്ണന്‍

ഞാന്‍ പലതാണ്. പലമയാണ് പലേടത്തേയ്ക്ക് കടപൊട്ടിപ്പരക്കുന്നത്; ചുഴികുത്തി തന്നിലേയ്ക്കു തന്നെ ഗ്രസിക്കപ്പെടുന്നതും. യാഥാര്‍ത്ഥ്യത്തില്‍ വര്‍ദ്ധിച്ചു വരുന്ന സങ്കീര്‍ണ്ണതളാണ് ജീവിതത്തിന്റെയും കവിതയുടെയും അടുപ്പവും അകലവും; പ്രണയത്തിന്റെയും പ്രണയരാഹിത്യത്തിന്റെയും അകലവും അടുപ്പവും അങ്ങനെ തന്നെ. ഈ വിഷമസന്ധി നിരന്തരം വേട്ടയാടുന്ന മനസ്സ് സ്വയം വരിക്കുന്ന നിസ്സംഗതയാണ് കവിയുടെ മൊഴിമാറ്റത്തിനു ഹേതുവെന്നു തോന്നുന്നു. നിസ്സംഗതയുടെ കാവ്യസംഗത്താല്‍ മൊഴിമാറുന്നു, കാവ്യചേഷ്ടകള്‍ മാറുന്നു. കവി പെരുവഴി വിട്ട് പുതുവഴിയിലൂടെ സഞ്ചരിക്കുന്നു; താന്‍ തന്നെ പുതുവഴിവെട്ടുകാരനാവുന്നു. പെരുവഴി കണ്‍മുമ്പിലിരിക്കെ പുതുവഴി നീ വെട്ടുന്നാകില്‍ പലതുണ്ടേ ദുരിതങ്ങള്‍ (കക്കാട് : വഴിവെട്ടുന്നവരോട്). സാമ്പ്രദായികതകളെ മിറകടന്നുകൊണ്ടുള്ള ഈ പോക്കില്‍ കവിക്കു മാത്രമല്ല, അനുവാചകര്‍ക്കുമുണ്ട് ദുരിതങ്ങള്‍ . എന്നാല്‍ പുതിയൊരു ജന്മം നേടുന്നതുപോലുള്ള ഒരു 'പരിസ്പന്ദസുന്ദരത്വം' കൈവരിക്കാന്‍ സന്നദ്ധമാകുന്നതോടെ കവികര്‍മ്മത്തിന്റെ ഗൃഹാതുരത്വത്തെ-അതിന്റെ വെല്ലുവിളികളെ-അതിജീവിക്കാന്‍ കഴിയും. ഈയൊരു ആത്മവിശ്വാസമായിരിക്കണം ഇന്നത്തെ കാവ്യസരസ്വതിയെ മുന്നോട്ടു കൊണ്ടു പോകുന്നതെന്നു തോന്നുന്നു. കവികള്‍ക്കു പോലും പദ്യം വേണ്ട. അവര്‍ക്കു ഗദ്യം മതി/ഓരോ കവി എഴുതുമ്പോഴും കവിത നഷ്ടപ്പെടുന്നു/കവിത എപ്പോഴും എഴുതാത്ത വരികളിലേയ്ക്ക് ഒളിച്ചു കടക്കുന്നു.(എം.കെ ഹരികുമാര്‍ : എന്റെ മാനിഫെസ്റ്റോ) എന്നൊക്കെയുള്ള നിരീക്ഷണങ്ങള്‍ നിലനില്‍ക്കുമ്പോഴും അനുഭവം എന്ന ദുഃസ്വപ്നത്തെ, ശകലിത നിമിഷങ്ങളെ ഏതുവിധത്തിലെങ്കിലും കവിക്ക് ആവിഷ്‌കരിക്കാതിരിക്കാനാവുന്നില്ല. സമഗ്രജീവിതശില്പം, അഖണ്ഡദര്‍ശനം എന്നൊക്കെയുള്ള കാവ്യവേദാന്തങ്ങള്‍ ഈ പുതുകവി കൊണ്ടു നടക്കുന്നില്ല. 'കുടിച്ചുകുടിച്ചുറക്കിയിരിക്കയാണീ ദേഹത്തെ/മനസ്സേ നുരഞ്ഞു പതഞ്ഞ് നീ/ഉണര്‍ത്താതിരിക്കുക' അതാണ് അയാളുടെ ശകലിതാനുഭവത്തിന്റെ ദര്‍ശനം. ശകലങ്ങള്‍കൊണ്ടും ശകലിതങ്ങള്‍കൊണ്ടും തൃപ്തിയടയുന്ന അല്പവിഭവരാണ് ഈ കവികള്‍ എന്നു പറയാവതല്ല. പൊരുള്‍ അനാവരണം ചെയ്യുന്ന സമഗ്രസംഭവത്തിന്റെ ആവിഷ്‌ക്കാരത്തിലും ഇവര്‍ക്ക് കണ്ണുണ്ട് ('സംഭവത്തിന്റെ പൊരുളറിയുമ്പോള്‍') എന്നാല്‍ അത് ആലാപനമായിട്ടല്ല. ഗര്‍ജനമായിട്ടല്ല, കഥാപ്രസംഗമായിട്ടല്ല രൂപപ്പെടുന്നത്. സംഭവത്തിനോടുള്ള വൈകാരികമായ അകലമാണ്, മനസ്സിന്റെ അകംപുറം മിറയലാണ്, ഇവിടെ കവിയെ പുതിയൊരു 'ടോണിന്റെ'സ്രഷ്ടാവാക്കുന്നത്. യാഥാര്‍ത്ഥ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സങ്കീര്‍ണ്ണത എന്ന് നേരത്തെ പറഞ്ഞതോര്‍ക്കുക. സംഭവമെന്ത് സത്യമെന്ത് എന്ന് അറിയാന്‍ വയ്യാത്ത ഒരു യഥാര്‍ത്ഥു പരിതഃസ്ഥിതിയുടെ 'അയഥാര്‍ത്ഥയാഥാര്‍ത്ഥ്യത്തില്‍(Virtual Reality) അകപ്പെട്ടിരിക്കുന്ന ഒരു കാലമാണിതെന്ന് സന്തോഷിന്റെ കവിത അനുഭവപ്പെടുന്നു. ഇതൊരു 'കരച്ചില്‍ചിരി' യാണ്; നര്‍മ്മ ഗൗരവത്തിന്റെ പുതിയമാനമാണ്: ഇനിയും സംഭവം/ഒരു പ്രശ്‌നമായി അവശേഷിച്ചാല്‍ / രാവിലെയുള്ള സംഭവവും കൂടി കൂട്ടുക/അതില്‍ നിന്നും ടി.വി.യില്‍ കണ്ട സംഭവങ്ങളെ കുറയ്ക്കുക/ ശിഷ്ടമുണ്ടെങ്കില്‍/ അതൊരു സംഭവമായി രേഖപ്പെടുത്തുക/ഇല്ലെങ്കില്‍ /'സംഭവം മത്തായി'/ എന്ന് എല്ലാവരും വിളിക്കുന്നതില്‍ / തെറ്റൊന്നുമില്ലെന്നറിഞ്ഞ്/ രണ്ടെണ്ണം വീശി/ഉറങ്ങാന്‍ റെഡിയാവുക! ഈ നര്‍മ്മഗുരുത ആഘാതമേല്‍പ്പിക്കാതിരിക്കുന്നുമില്ല. 'കോമാളിയുഗം' എന്നാരോ പറഞ്ഞിട്ടുണ്ടല്ലോ. 'ആടെടാ ചെറ്റേ ആട്' എന്ന് കക്കാടാണല്ലോ പറഞ്ഞത്. ചെറ്റത്തത്തില്‍ കഴിഞ്ഞുകൂടാനല്ല, അതില്‍ നിന്നുണരാനാണ്, ഉണര്‍ത്താനാണ് കവിയുടെ വിരുദ്ധോക്തികള്‍ ശ്രമിക്കുന്നത് ; ചുവപ്പ് മഷിയിലെന്‍ കവിത പടരുകയാണ്/ കറുത്ത പുഷ്പത്തലപ്പിലൊരഗ്നിഗോളമായ് (കവിതയുടെ വഴി) എന്ന വാക്കുകളിലൂടെ ശ്രമിക്കുന്നത്. പോക്കണം കെട്ട കോന്തന്‍മരത്തിന്റെ അവസ്ഥയില്‍ നില്‍ക്കുന്ന ഓരോ മനുഷ്യന്റെയും വിഹ്വലനാദം ഉയരമെന്ന് കവി പ്രതീക്ഷിക്കുന്നുണ്ടവാം!/കോടാലി കേറാതെ/തെന്നെലേ വന്നെന്നെ/ ചോടേ എടുത്ത്/മറിച്ചീടുക('പരിദേവനം') സര്‍ഗ്ഗാത്മകതയുടെ കൊച്ചുമുറി ഉണ്ടായിരുന്നു. ഇപ്പോള്‍ അതിന് ചുമരുകളില്ലാതാവുകയാണ്. തീര്‍ത്തും വൈയക്തികമായതുതന്നെ സാര്‍വ്വത്രികവുമായികൊണ്ടിരിക്കയത്രെ. അനുഭവങ്ങളും എഴുത്തുരീതികളും കൂടികലരുകയാണ്. 'ഇപ്പോള്‍' മാത്രമേയുള്ളൂ എന്നൊരു തോന്നല്‍ കൂടി വരുന്നു. അതിനാല്‍ കവിത പച്ചയായ അനുഭവത്തിനോടൊപ്പം പച്ചയായ ഭാഷയും മറുഭാഷകളും ആയിതീരുന്നു-സന്തോഷിന്റെ കവിതകള്‍ ഈ കാഴ്ചപ്പാടിനെ സാക്ഷ്യപ്പെടുത്തുന്നു. പൊടുന്നന്നെ ഒന്നു ചിരിപ്പിക്കുക, മൗനത്തിലാഴ്ത്തുക-ഉല്‍ക്കണ്ഠപ്പെടുത്തുക, സര്‍വ്വോപരി ഝടുതിയിലൊന്ന് ഞെട്ടിപ്പിക്കുക-അതാണ് ഇപ്പോഴത്തെ ഈ നിമിഷത്തിലുള്ള കവിതയുടെ ക്രിയയും പ്രതിക്രിയയും. കവിത പലപ്പോഴും രേഖാചിത്രസന്നിഭം ആകുന്നു; മരിച്ചുപോകുന്ന ഓരോ ഇലയും/തിരിച്ച്‌പോകുന്ന ഓരോ ജീവനെ വരയ്ക്കുന്നു. മറന്നു പോകുന്ന ഓരോ വഴിയും തിരിഞ്ഞുനോക്കാത്ത ഒരു ശബ്ദത്തെ വരയ്ക്കുന്നു.-വരയുടെ, വരിയുടെ പുതുമൊഴിക്കൂറ് കവിക്ക് ഏറെ പ്രിയംകരമാവുന്നുണ്ട്. 'ഒരു മിനുത്ത കാറ്റ്/ ചൊറിഞ്ഞ് ചൊറിഞ്ഞ്/ഞങ്ങളെ ഒരു ചെരിവിലേയ്ക്കു കൊണ്ടുപോയി, ചിരിച്ചുചിരിച്ചടുക്കുന്ന കാക്കകളുടെ ഒച്ച (ഓണമേഘം),പകലുകള്‍ പറ്റുപടി പറയുന്ന പെട്ടിക്കടകളും/പറോട്ടകള്‍ പിറുപിറുത്ത് പ്രാകുന്ന മേശപ്പുറങ്ങളും/ചീട്ടുകള്‍ ചിന്തിച്ചുകൊല്ലുന്ന ബീഡിക്കുറ്റികളും (കാര്യവട്ടത്തെ കാറ്റാടിമരങ്ങള്‍ ), പരിദേവനത്തിന്റെ പച്ചകുത്തലുകള്‍ (വെളിച്ചം തേടി), പരിഭ്രമം-10മിലി./ഭയം -20 മിലി./സംശയം-30മിലി./നൊമ്പരം-60 മിലി.കൂട്ടികലര്‍ത്തിയുണ്ടാക്കിയ/സന്തോഷം-120മിലി/ഒറ്റവലിക്കകത്താക്കി/ജീവിതം ബ്രാന്റിന്റെ/ഹാങ്ങോവര്‍ തീര്‍ത്തു( കോക്ക്‌ടെയില്‍ ): ഇങ്ങനെ അനുവാചകനെ പുതുവാണിക്കളങ്ങളാല്‍ ഹരം പിടിപ്പിക്കാന്‍ ഈ കവിക്ക് കഴിയുന്നു. 'ഒരു ദേശത്തെ എഴുതു'ന്ന “കവല”പോലുള്ള കവിതകളിലെ നിരീക്ഷണവ്യതിയാനങ്ങളിലൂടെ രൂപപെടുന്ന ഹാസ്യമണ്ഡലങ്ങളും ശ്രദ്ധാര്‍ഹമാകുന്നു. (2) മാനസിക ജീവിതത്തിന്റെ ഇരപിടുത്തങ്ങളാണ് തന്റെ കവിതകള്‍ എന്ന സഹജീവികളായ പുതുകവികളെ പോലെ ഈ കവിയും കണക്കാക്കുന്നുണ്ടോ,ആവോ('അമ്പെയ്ത്ത്').നേരെ ചൊവ്വേ പറഞ്ഞാലും കവിതയാവും; ആ പറച്ചിലിന് - വാണിയിലെ ഭാവവിന്യാസത്തിന്-ഒരു പഞ്ചമിച്ചന്ദ്രത്വം ഉണ്ടാവണമെന്നുമാത്രം. ശ്രീ.സന്തോഷിന്റെ കവിതകളില്‍ ആ അമ്പിളിക്കലകള്‍ ഏറെയുണ്ട്. നിലതിരശ്ചീനമാണെങ്കിലും അതില്‍ ലംബമാനമായി ഒരു അമ്പ്-അന്‍പ്-കിളിര്‍ത്തി സ്വയം തൊടുക്കപ്പെടുന്നുണ്ട്. എന്റെ ഇടത്തെ കണ്ണ് ഈ കവിതകളൊക്കെ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന കവിമിത്രങ്ങളിലേയ്ക്കും വലത്തെ കണ്ണ് കവിതകള്‍ വായിക്കുന്ന നിങ്ങളിലേയ്ക്കു ഒരേ സമയം കാഴ്ച തേടുന്നു (കണ്ണുകള്‍ ) എനിക്കും/ അവര്‍ക്കും /മനസ്സിലാകാത്ത /ചില/ പദന്യാസങ്ങള്‍ /കൊണ്ട് /ഒരു വായനക്കാരന്‍/ ഞങ്ങളെ /എണ്ണയിട്ടു കുളിപ്പിച്ചുകിടത്തി(എഴുത്തും വായനയും)-ഇങ്ങനെയൊരു പരിദേവനത്തിന്റെ പച്ചകുത്തലോ അമ്പെയ്‌ത്തോ ഞാന്‍ പേടിക്കുന്നുണ്ട്. എങ്കിലും ശ്രീ.സന്തോഷിന്റെ ഏതാനും പദന്യാസങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞു എന്ന കൃതാര്‍ത്ഥത എനിക്കുണ്ട്. ആശംസകളോടെ, ദേശമംഗലം രാമകൃഷണന്‍ തിരുവനന്തപുരം 17-03-2011