Welcome to the blog of Santhosh Pala

കവിതകള്‍-സന്തോഷ് പാലാ

Sunday, June 8, 2008

വെളിച്ചം തേടി (ലിങ്കന്റെ നാട്ടില്‍ നിന്നും ഒപ്പിയെടുത്തത്‌)

രണ്ടുപേര്‍ക്കുള്ള
ഇരിപ്പിടത്തില്‍
കാലിന്‍ ‍മേല്‍
കാല്‍ കേറ്റി വച്ച്
ഗമയിലാണിരിപ്പ്!
ഒരു സര്‍വ്വാധികാരിയുടെ
സര്‍വ്വ ഡംഭോടും കൂടി.

ഒഴിവ് ദിനങ്ങളുടെ
ആലസ്യത്തില്‍
നിന്നുണരാത്ത
ഒരു കൂട്ടം
ആള്‍ക്കാര്‍
അകലം പാലിച്ച്
അങോട്ട്
നോക്കുന്നുണ്ടായിരുന്നു,
ഞാനും.

ഓപ്പാംകോട്ടുകള്‍
ഉരിഞ്ഞുതുടങ്ങി
ഒന്നല്ല,
ഒമ്പതെണ്ണം!

ആനവണ്ണം
ആടുവണ്ണമായി
കുറഞ്ഞു .

വിയര്‍ത്ത
വര്‍ഷങള്‍
വികൃതമാക്കിയ
തൊലിപ്പുറത്ത്
പരിദേവനത്തിന്റെ
പച്ചകുത്തലുകള്‍.

വിരല്‍ത്തലപ്പുകള്‍ക്ക്
ഒരു മണ്ണുമാന്തിയുടെ
മൂര്‍ച്ച.

കൊഞ്ഞനം
കുത്തുന്ന
കോട്ടുവായകള്‍ക്കു
ശരവേഗക്കുതിപ്പ്.

നിന്‍റെ അന്ത്യമടുത്തെന്ന്
ഒരു സിഗരറ്റ് കുറ്റിയോടയാള്‍
പലപ്പോഴും
പിറുപിറുക്കുന്നത്
കാണാമായിരുന്നു.

ചുവന്ന്
കലങ്ങിയ
കണ്ണുകള്‍
ഇടയ്ക്കിടെ
കയ്യിലെ
കറുത്ത
കൂടുകള്‍ക്കുള്ളിലേയ്ക്ക്
ഇറങ്ങി
ഇറങ്ങിപ്പോയി,
അല്ലാത്തപ്പോള്‍
പൊളിഞ്ഞ
വായയ്ക്ക്
കൂട്ടായി
ആകാശത്തേയ്ക്കും.

കാലിയായി(പ്പോയി)രുന്ന
തീവണ്ടിബോഗിയില്‍
ബോധത്തിന്‍റെ
ചുരുളുകളഴിച്ച്
അയാള്‍
വിശ്രമിയ്ക്കുന്ന
നേരം
വിലയില്ലാ-
വേശ്യകള്‍
ഒളിഞ്ഞു നിന്നു
അടക്കം പറഞ്ഞു,
ചിരിച്ചു.


അവനീ പകലും
കഴിഞ്ഞ രാത്രിയുടെ
ബാക്കിയാണ്,
ഇരുള്‍തുരങ്കള്‍ക്കു-
ള്ളിലൂടെയുള്ള
ഒടുങ്ങാത്ത യാത്ര.

നിലയ്ക്കാതെ,
നിര്‍ത്താതെ
വണ്ടിയോടുന്ന
ഒരു വലിയ
സംസ്കൃതിയുടെ
സാക്ഷ്യപത്രമായ്.

No comments: