Welcome to the blog of Santhosh Pala

കവിതകള്‍-സന്തോഷ് പാലാ

Wednesday, December 28, 2011

പരിദേവനത്തിന്റെ പച്ചകുത്തലുകള്‍- കവിതാസമാഹാരത്തിന്റെ അവതാരിക- ദേശമംഗലം രാമകൃഷ്ണന്‍

ഞാന്‍ പലതാണ്. പലമയാണ് പലേടത്തേയ്ക്ക് കടപൊട്ടിപ്പരക്കുന്നത്; ചുഴികുത്തി തന്നിലേയ്ക്കു തന്നെ ഗ്രസിക്കപ്പെടുന്നതും. യാഥാര്‍ത്ഥ്യത്തില്‍ വര്‍ദ്ധിച്ചു വരുന്ന സങ്കീര്‍ണ്ണതളാണ് ജീവിതത്തിന്റെയും കവിതയുടെയും അടുപ്പവും അകലവും; പ്രണയത്തിന്റെയും പ്രണയരാഹിത്യത്തിന്റെയും അകലവും അടുപ്പവും അങ്ങനെ തന്നെ. ഈ വിഷമസന്ധി നിരന്തരം വേട്ടയാടുന്ന മനസ്സ് സ്വയം വരിക്കുന്ന നിസ്സംഗതയാണ് കവിയുടെ മൊഴിമാറ്റത്തിനു ഹേതുവെന്നു തോന്നുന്നു. നിസ്സംഗതയുടെ കാവ്യസംഗത്താല്‍ മൊഴിമാറുന്നു, കാവ്യചേഷ്ടകള്‍ മാറുന്നു. കവി പെരുവഴി വിട്ട് പുതുവഴിയിലൂടെ സഞ്ചരിക്കുന്നു; താന്‍ തന്നെ പുതുവഴിവെട്ടുകാരനാവുന്നു. പെരുവഴി കണ്‍മുമ്പിലിരിക്കെ പുതുവഴി നീ വെട്ടുന്നാകില്‍ പലതുണ്ടേ ദുരിതങ്ങള്‍ (കക്കാട് : വഴിവെട്ടുന്നവരോട്). സാമ്പ്രദായികതകളെ മിറകടന്നുകൊണ്ടുള്ള ഈ പോക്കില്‍ കവിക്കു മാത്രമല്ല, അനുവാചകര്‍ക്കുമുണ്ട് ദുരിതങ്ങള്‍ . എന്നാല്‍ പുതിയൊരു ജന്മം നേടുന്നതുപോലുള്ള ഒരു 'പരിസ്പന്ദസുന്ദരത്വം' കൈവരിക്കാന്‍ സന്നദ്ധമാകുന്നതോടെ കവികര്‍മ്മത്തിന്റെ ഗൃഹാതുരത്വത്തെ-അതിന്റെ വെല്ലുവിളികളെ-അതിജീവിക്കാന്‍ കഴിയും. ഈയൊരു ആത്മവിശ്വാസമായിരിക്കണം ഇന്നത്തെ കാവ്യസരസ്വതിയെ മുന്നോട്ടു കൊണ്ടു പോകുന്നതെന്നു തോന്നുന്നു. കവികള്‍ക്കു പോലും പദ്യം വേണ്ട. അവര്‍ക്കു ഗദ്യം മതി/ഓരോ കവി എഴുതുമ്പോഴും കവിത നഷ്ടപ്പെടുന്നു/കവിത എപ്പോഴും എഴുതാത്ത വരികളിലേയ്ക്ക് ഒളിച്ചു കടക്കുന്നു.(എം.കെ ഹരികുമാര്‍ : എന്റെ മാനിഫെസ്റ്റോ) എന്നൊക്കെയുള്ള നിരീക്ഷണങ്ങള്‍ നിലനില്‍ക്കുമ്പോഴും അനുഭവം എന്ന ദുഃസ്വപ്നത്തെ, ശകലിത നിമിഷങ്ങളെ ഏതുവിധത്തിലെങ്കിലും കവിക്ക് ആവിഷ്‌കരിക്കാതിരിക്കാനാവുന്നില്ല. സമഗ്രജീവിതശില്പം, അഖണ്ഡദര്‍ശനം എന്നൊക്കെയുള്ള കാവ്യവേദാന്തങ്ങള്‍ ഈ പുതുകവി കൊണ്ടു നടക്കുന്നില്ല. 'കുടിച്ചുകുടിച്ചുറക്കിയിരിക്കയാണീ ദേഹത്തെ/മനസ്സേ നുരഞ്ഞു പതഞ്ഞ് നീ/ഉണര്‍ത്താതിരിക്കുക' അതാണ് അയാളുടെ ശകലിതാനുഭവത്തിന്റെ ദര്‍ശനം. ശകലങ്ങള്‍കൊണ്ടും ശകലിതങ്ങള്‍കൊണ്ടും തൃപ്തിയടയുന്ന അല്പവിഭവരാണ് ഈ കവികള്‍ എന്നു പറയാവതല്ല. പൊരുള്‍ അനാവരണം ചെയ്യുന്ന സമഗ്രസംഭവത്തിന്റെ ആവിഷ്‌ക്കാരത്തിലും ഇവര്‍ക്ക് കണ്ണുണ്ട് ('സംഭവത്തിന്റെ പൊരുളറിയുമ്പോള്‍') എന്നാല്‍ അത് ആലാപനമായിട്ടല്ല. ഗര്‍ജനമായിട്ടല്ല, കഥാപ്രസംഗമായിട്ടല്ല രൂപപ്പെടുന്നത്. സംഭവത്തിനോടുള്ള വൈകാരികമായ അകലമാണ്, മനസ്സിന്റെ അകംപുറം മിറയലാണ്, ഇവിടെ കവിയെ പുതിയൊരു 'ടോണിന്റെ'സ്രഷ്ടാവാക്കുന്നത്. യാഥാര്‍ത്ഥ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സങ്കീര്‍ണ്ണത എന്ന് നേരത്തെ പറഞ്ഞതോര്‍ക്കുക. സംഭവമെന്ത് സത്യമെന്ത് എന്ന് അറിയാന്‍ വയ്യാത്ത ഒരു യഥാര്‍ത്ഥു പരിതഃസ്ഥിതിയുടെ 'അയഥാര്‍ത്ഥയാഥാര്‍ത്ഥ്യത്തില്‍(Virtual Reality) അകപ്പെട്ടിരിക്കുന്ന ഒരു കാലമാണിതെന്ന് സന്തോഷിന്റെ കവിത അനുഭവപ്പെടുന്നു. ഇതൊരു 'കരച്ചില്‍ചിരി' യാണ്; നര്‍മ്മ ഗൗരവത്തിന്റെ പുതിയമാനമാണ്: ഇനിയും സംഭവം/ഒരു പ്രശ്‌നമായി അവശേഷിച്ചാല്‍ / രാവിലെയുള്ള സംഭവവും കൂടി കൂട്ടുക/അതില്‍ നിന്നും ടി.വി.യില്‍ കണ്ട സംഭവങ്ങളെ കുറയ്ക്കുക/ ശിഷ്ടമുണ്ടെങ്കില്‍/ അതൊരു സംഭവമായി രേഖപ്പെടുത്തുക/ഇല്ലെങ്കില്‍ /'സംഭവം മത്തായി'/ എന്ന് എല്ലാവരും വിളിക്കുന്നതില്‍ / തെറ്റൊന്നുമില്ലെന്നറിഞ്ഞ്/ രണ്ടെണ്ണം വീശി/ഉറങ്ങാന്‍ റെഡിയാവുക! ഈ നര്‍മ്മഗുരുത ആഘാതമേല്‍പ്പിക്കാതിരിക്കുന്നുമില്ല. 'കോമാളിയുഗം' എന്നാരോ പറഞ്ഞിട്ടുണ്ടല്ലോ. 'ആടെടാ ചെറ്റേ ആട്' എന്ന് കക്കാടാണല്ലോ പറഞ്ഞത്. ചെറ്റത്തത്തില്‍ കഴിഞ്ഞുകൂടാനല്ല, അതില്‍ നിന്നുണരാനാണ്, ഉണര്‍ത്താനാണ് കവിയുടെ വിരുദ്ധോക്തികള്‍ ശ്രമിക്കുന്നത് ; ചുവപ്പ് മഷിയിലെന്‍ കവിത പടരുകയാണ്/ കറുത്ത പുഷ്പത്തലപ്പിലൊരഗ്നിഗോളമായ് (കവിതയുടെ വഴി) എന്ന വാക്കുകളിലൂടെ ശ്രമിക്കുന്നത്. പോക്കണം കെട്ട കോന്തന്‍മരത്തിന്റെ അവസ്ഥയില്‍ നില്‍ക്കുന്ന ഓരോ മനുഷ്യന്റെയും വിഹ്വലനാദം ഉയരമെന്ന് കവി പ്രതീക്ഷിക്കുന്നുണ്ടവാം!/കോടാലി കേറാതെ/തെന്നെലേ വന്നെന്നെ/ ചോടേ എടുത്ത്/മറിച്ചീടുക('പരിദേവനം') സര്‍ഗ്ഗാത്മകതയുടെ കൊച്ചുമുറി ഉണ്ടായിരുന്നു. ഇപ്പോള്‍ അതിന് ചുമരുകളില്ലാതാവുകയാണ്. തീര്‍ത്തും വൈയക്തികമായതുതന്നെ സാര്‍വ്വത്രികവുമായികൊണ്ടിരിക്കയത്രെ. അനുഭവങ്ങളും എഴുത്തുരീതികളും കൂടികലരുകയാണ്. 'ഇപ്പോള്‍' മാത്രമേയുള്ളൂ എന്നൊരു തോന്നല്‍ കൂടി വരുന്നു. അതിനാല്‍ കവിത പച്ചയായ അനുഭവത്തിനോടൊപ്പം പച്ചയായ ഭാഷയും മറുഭാഷകളും ആയിതീരുന്നു-സന്തോഷിന്റെ കവിതകള്‍ ഈ കാഴ്ചപ്പാടിനെ സാക്ഷ്യപ്പെടുത്തുന്നു. പൊടുന്നന്നെ ഒന്നു ചിരിപ്പിക്കുക, മൗനത്തിലാഴ്ത്തുക-ഉല്‍ക്കണ്ഠപ്പെടുത്തുക, സര്‍വ്വോപരി ഝടുതിയിലൊന്ന് ഞെട്ടിപ്പിക്കുക-അതാണ് ഇപ്പോഴത്തെ ഈ നിമിഷത്തിലുള്ള കവിതയുടെ ക്രിയയും പ്രതിക്രിയയും. കവിത പലപ്പോഴും രേഖാചിത്രസന്നിഭം ആകുന്നു; മരിച്ചുപോകുന്ന ഓരോ ഇലയും/തിരിച്ച്‌പോകുന്ന ഓരോ ജീവനെ വരയ്ക്കുന്നു. മറന്നു പോകുന്ന ഓരോ വഴിയും തിരിഞ്ഞുനോക്കാത്ത ഒരു ശബ്ദത്തെ വരയ്ക്കുന്നു.-വരയുടെ, വരിയുടെ പുതുമൊഴിക്കൂറ് കവിക്ക് ഏറെ പ്രിയംകരമാവുന്നുണ്ട്. 'ഒരു മിനുത്ത കാറ്റ്/ ചൊറിഞ്ഞ് ചൊറിഞ്ഞ്/ഞങ്ങളെ ഒരു ചെരിവിലേയ്ക്കു കൊണ്ടുപോയി, ചിരിച്ചുചിരിച്ചടുക്കുന്ന കാക്കകളുടെ ഒച്ച (ഓണമേഘം),പകലുകള്‍ പറ്റുപടി പറയുന്ന പെട്ടിക്കടകളും/പറോട്ടകള്‍ പിറുപിറുത്ത് പ്രാകുന്ന മേശപ്പുറങ്ങളും/ചീട്ടുകള്‍ ചിന്തിച്ചുകൊല്ലുന്ന ബീഡിക്കുറ്റികളും (കാര്യവട്ടത്തെ കാറ്റാടിമരങ്ങള്‍ ), പരിദേവനത്തിന്റെ പച്ചകുത്തലുകള്‍ (വെളിച്ചം തേടി), പരിഭ്രമം-10മിലി./ഭയം -20 മിലി./സംശയം-30മിലി./നൊമ്പരം-60 മിലി.കൂട്ടികലര്‍ത്തിയുണ്ടാക്കിയ/സന്തോഷം-120മിലി/ഒറ്റവലിക്കകത്താക്കി/ജീവിതം ബ്രാന്റിന്റെ/ഹാങ്ങോവര്‍ തീര്‍ത്തു( കോക്ക്‌ടെയില്‍ ): ഇങ്ങനെ അനുവാചകനെ പുതുവാണിക്കളങ്ങളാല്‍ ഹരം പിടിപ്പിക്കാന്‍ ഈ കവിക്ക് കഴിയുന്നു. 'ഒരു ദേശത്തെ എഴുതു'ന്ന “കവല”പോലുള്ള കവിതകളിലെ നിരീക്ഷണവ്യതിയാനങ്ങളിലൂടെ രൂപപെടുന്ന ഹാസ്യമണ്ഡലങ്ങളും ശ്രദ്ധാര്‍ഹമാകുന്നു. (2) മാനസിക ജീവിതത്തിന്റെ ഇരപിടുത്തങ്ങളാണ് തന്റെ കവിതകള്‍ എന്ന സഹജീവികളായ പുതുകവികളെ പോലെ ഈ കവിയും കണക്കാക്കുന്നുണ്ടോ,ആവോ('അമ്പെയ്ത്ത്').നേരെ ചൊവ്വേ പറഞ്ഞാലും കവിതയാവും; ആ പറച്ചിലിന് - വാണിയിലെ ഭാവവിന്യാസത്തിന്-ഒരു പഞ്ചമിച്ചന്ദ്രത്വം ഉണ്ടാവണമെന്നുമാത്രം. ശ്രീ.സന്തോഷിന്റെ കവിതകളില്‍ ആ അമ്പിളിക്കലകള്‍ ഏറെയുണ്ട്. നിലതിരശ്ചീനമാണെങ്കിലും അതില്‍ ലംബമാനമായി ഒരു അമ്പ്-അന്‍പ്-കിളിര്‍ത്തി സ്വയം തൊടുക്കപ്പെടുന്നുണ്ട്. എന്റെ ഇടത്തെ കണ്ണ് ഈ കവിതകളൊക്കെ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന കവിമിത്രങ്ങളിലേയ്ക്കും വലത്തെ കണ്ണ് കവിതകള്‍ വായിക്കുന്ന നിങ്ങളിലേയ്ക്കു ഒരേ സമയം കാഴ്ച തേടുന്നു (കണ്ണുകള്‍ ) എനിക്കും/ അവര്‍ക്കും /മനസ്സിലാകാത്ത /ചില/ പദന്യാസങ്ങള്‍ /കൊണ്ട് /ഒരു വായനക്കാരന്‍/ ഞങ്ങളെ /എണ്ണയിട്ടു കുളിപ്പിച്ചുകിടത്തി(എഴുത്തും വായനയും)-ഇങ്ങനെയൊരു പരിദേവനത്തിന്റെ പച്ചകുത്തലോ അമ്പെയ്‌ത്തോ ഞാന്‍ പേടിക്കുന്നുണ്ട്. എങ്കിലും ശ്രീ.സന്തോഷിന്റെ ഏതാനും പദന്യാസങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞു എന്ന കൃതാര്‍ത്ഥത എനിക്കുണ്ട്. ആശംസകളോടെ, ദേശമംഗലം രാമകൃഷണന്‍ തിരുവനന്തപുരം 17-03-2011

No comments: