Welcome to the blog of Santhosh Pala

കവിതകള്‍-സന്തോഷ് പാലാ

Wednesday, December 28, 2011

ഓണമേഘം



ഒരു മിനുത്ത കാറ്റ്
ചൊറിഞ്ഞ് ചൊറിഞ്ഞ്
ഞങ്ങളെ
ഒരു ചെരിവിലേയ്ക്ക് കൊണ്ടുപോയി

ഞാനൊറ്റയ്ക്കും കൂട്ടുകാരോടൊത്തും പോകാറുള്ള
അതേ ചെരിവിലേക്ക്

ചിത്രപ്പണികള്‍ ചെയ്തൊരുങ്ങുന്ന
ആകാശതീരം ഞങ്ങളിഷ്ടപ്പെട്ടിരുന്നില്ല
വിരൂപവും വിശന്നലയുന്നതുമായ
കര്‍ക്കിടകപ്പകലുകളായിരുന്നു
ഞങ്ങള്‍ക്കേറെയിഷ്ടം

ചിരിച്ചു ചിരിച്ചടുക്കുന്ന കാക്കകളുടെ ഒച്ച
ഞങ്ങളുടെ ചിന്ത ചിതറിപ്പിച്ചു
പറന്നു പറന്നകലുന്ന ചിത്രശലഭങ്ങളുടെ നിഴല്‍
ഞങ്ങളെ അലോസരപ്പെടുത്തി

പിന്‍‌വാതില്‍ തുറന്നിറങ്ങാന്‍ തുടങ്ങവെ
താഴെ വീട്ടുമുറ്റത്ത് നിന്ന്
രണ്ടു മുത്തശിക്കണ്ണുകള്‍ വിലങ്ങു വെക്കാന്‍ ശ്രമിച്ചു
കുറച്ചു കുട്ടികള്‍ തെറ്റാലിയിലുന്നം പിടിച്ചു പേടിപ്പിച്ചു

ഞങ്ങള്‍ കുറച്ചുകൂടി ഒട്ടി നിന്നു
ഉമ്മവെച്ചുമ്മവെച്ചു കൊതിപ്പിച്ചു

പിന്നെ
പതിയെ
പതിയെ
പിള്ളേരോണമായി
പെയ്തിറങ്ങി.


(കവിതാസമാഹാരം കമ്മൂണിസ്റ്റ് പച്ച)

No comments: